ദുബായ്: മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88–ാമത് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിർഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപ്പീൻസ് സ്വദേശി നെൽസണുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇൗ നറുക്കെടുപ്പിൽ 3,349 വിജയികൾക്ക് ആകെ 12,421,750 ദിർഹം വിതരണം ചെയ്തു. ഇതാദ്യമാണ് മെഹ്സൂലിൽ ഒരു നറുക്കെടുപ്പിൽ 2 ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്.
കഴിഞ്ഞ 14 വർഷമായി യുഎഇയിലുള്ള ഷാനവാസ് 12 വർഷമായി ദുബായ് അല് ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാർ കമ്പനിയിൽ ഫ്ലീറ്റ് മാനേജരായി ജോലി ചെയ്യുന്നു. ഇദ്ദേഹവും നെൽസണും വെവ്വേറെ നൽകിയ അഞ്ച് നമ്പറുകളിൽ(7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു. മഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മൾട്ടി മില്യണയർമാരുടെ എണ്ണം 27 ആണ്. അതിൽ 6 എണ്ണം 2022-ൽ.
ഷാനവാസിനെ ഭാഗ്യം തേടിയെത്തിയത് രണ്ടാം തവണ
മെഹ്സൂസ് ആരംഭിച്ചതു മുതൽ ഷാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. നേരത്തെ 35,000 ദിർഹം ലഭിച്ചിട്ടുണ്ട്. എപ്പോഴും ഒറ്റയ്ക്കാണ് നറുക്കെടുക്കുന്നത്. ചിലയാഴ്ചകളിൽ രണ്ടെണ്ണം എടുക്കാറുണ്ട്. സാധാരണഗതിയിൽ അഞ്ച് നമ്പരുകൾ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
താൻ കോടീശ്വരനായത് അറിയാതെ ശനിയാഴ്ച രാത്രി സാധരണ പോലെ ഷാനവാസ് ഉറങ്ങി. ഞായറാഴ്ച രാവിലെ മെഹ്സൂസിൽ നിന്ന് ഫോൺ ലഭിച്ചപ്പോൾ വിശ്വസിച്ചില്ല. പിന്നീട് മെയിൽ വന്നപ്പോഴാണ് നമ്പരുകൾ ശരിയാണെന്നും വിജയിയാണെന്നും ഉറപ്പിച്ചത്. ഉടൻ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ജോലി ചെയ്യുന്ന കമ്പനിയുടമയെയും സഹപ്രവർത്തകരെയും വിവരം അറിയിച്ചപ്പോൾ അവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. പലരും മെഹ്സൂസിൽ പങ്കെടുക്കാനും തുടങ്ങി. 41 കാരനായ ഷാനവാസ് 4.500 ദിർഹം പ്രതിമാസ ശമ്പളത്തിനാണ് ഇപ്പോൾ ജോലി ചെയ്തുവരുന്നത്. തത്കാലം ജോലി തുടരാനാണ് തീരുമാനം. പണം എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് ഷാനവാസിന്റെ കുടുംബം. വായ്പകൾ പലതും വീട്ടണം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം വിനിയോഗിക്കുമെന്നും ഷാനവാസ് പറഞ്ഞു.