അബുദാബി: യാത്രക്കാരിക്ക് ഒരു വര്‍ഷത്തേക്ക് എത്ര വിമാന യാത്ര വേണമെങ്കിലും നടത്താനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്കി വിമാനക്കമ്പനി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇത്തരമൊരു ഓഫര്‍ നല്കി യാത്രക്കാരിയെ ഞെട്ടിച്ചത്. ഇത്രയും വലിയ ആനൂകൂല്യം കൊടുക്കാന്‍ ആ യാത്രക്കാരിക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചാല്‍ എയര്‍ അറേബ്യയുടെ വിമാനങ്ങളില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം തികഞ്ഞത് അയാളിലൂടെയായിരുന്നു എന്നതാണ് ഉത്തരം.
10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് ചൊവ്വാഴ്ചയാണ് എയര്‍ അറേബ്യ എത്തിച്ചേര്‍ന്നത്. ആ സംഖ്യയിലെത്തിച്ച യാത്രക്കാരിയെ അപ്രതീക്ഷിത സമ്മാനം നല്കി ഞെട്ടിച്ചതിനെക്കുറിച്ച് എയര്‍ അറേബ്യ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനാര്‍ഹയായ വ്യക്തിക്ക് അയാള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് അവര്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹബ്ബില്‍ നിന്ന് ലോകത്തെമ്പാടുമുള്ള 25 നഗരങ്ങളിലേക്ക് നടത്തിയ എണ്ണായിരത്തിലധികം വിമാന സര്‍വീസുകളിലൂടെയാണ് 10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് എയര്‍ അറേബ്യ എത്തിയത്. ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ റ്റിബിലിസിയേക്ക് പുറപ്പെടാനെത്തിയ യാത്രക്കാരിക്കായിരുന്നു അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. അബുദാബി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ ജീവനക്കാര്‍ ഇവര്‍ക്ക് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു.