ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72 വയസ് തികയും. ഉസ്ബെക്കിസ്ഥാനിലെ എസ്.ഒ.എസ് ഉച്ചകോടിക്ക് ശേഷം തിരിച്ചെത്തുന്ന പ്രധാനമന്ത്രി മദ്ധ്യപ്രദേശിലേക്ക് പോകും. അവിടെ നമീബിയയിൽ നിന്നെത്തുന്ന എട്ട് ചീറ്റകളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കും. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ചീറ്റകളെ തുറന്നു വിടും. ഇന്നുരാവിലെയാണ് ചടങ്ങ്.
മോദിയുടെ ജൻമദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഇന്നു മുതൽ രണ്ടാഴ്ച സേവനവാരമായി ആചരിക്കും. ജില്ലകളിൽ ബി.ജെ.പി പ്രവർത്തകർ “നാനാത്വത്തിൽ ഏകത്വം” ഉത്സവങ്ങൾ സംഘടിപ്പിക്കുമെന്നും “ഏക ഭാരതം, ശ്രേഷ്ഠ ഭാരതം സന്ദേശം നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. ഉത്സവങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന അഞ്ച് സംസ്ഥാന യൂണിറ്റുകൾക്ക് അവാർഡ് നൽകും.സംസ്ഥാന യൂണിറ്റുകളിലെ പാർട്ടി ഭാരവാഹികൾ മറ്റൊരു സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും സ്വീകരിക്കുന്ന ചടങ്ങുമുണ്ട്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള 20 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രചാരണവും സംഘടിപ്പിക്കും.
രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കാൻ ഒരു വർഷത്തെ പരിപാടി, കൊവിഡ് ബൂസ്റ്റർ ഡോസ് പ്രചാരണം, വൃക്ഷത്തൈ നടീൽ യജ്ഞം, ശുചിത്വ പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ഫോട്ടോകൾ നമോ ആപ്പിൽ അപ്ലോഡ് ചെയ്യാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് ബി.ജെ.പി തമിഴ്നാട് ഘടകം സ്വർണ മോതിരം നൽകും.