പി.ടി-7നെ പിടികൂടിയിട്ടും ഭീതി ഒഴിയാതെ ധോണി: ഇന്നും മേഖലയില്‍ കാട്ടാന

0

പി.ടി-7നെ പിടികൂടിയതിന് ശേഷവും ധോണി മേഖല കാട്ടാന ഭീതിയില്‍. ഇന്ന് ധോണിയിലെ ചേലക്കോട് മേഖലയില്‍ കാട്ടാനയിറങ്ങി. ചേലക്കോട് ചൂലിപ്പാടത്ത് ഭാഗത്താണ് ഒറ്റയാന്‍ ഇറങ്ങിയത്. പി. ടി-7നെ പിടികൂടിയതിന് ശേഷവും തങ്ങള്‍ കഴിയുന്നത് കാട്ടാന ഭീതിയിലാണെന്ന് ധോണി നിവാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നിറങ്ങിയ കൊമ്പനും നേരത്തെ പി. ടി-7നൊപ്പം ജനവാസ മേഖലയില്‍ എത്തിയിട്ടുണ്ട് .മേഖലയിലെ ആന പേടിക്ക് ശാശ്വത പരിഹാരാം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു പി ടി സെവനെ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി പി.ടി സെവനെ ലോറിയില്‍ കയറ്റി.മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പി.ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.