അവയവ മാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി; 65 വയസിനു മുകളിലുള്ളവർക്കും സ്വീകരിക്കാം

0

ന്യൂഡൽഹി: അവയവ മാറ്റത്തിനുള്ള പ്രായ പരിധി ഒഴിവാക്കി കേന്ദ്ര സർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാനാവുന്ന തരത്തിലാണ് മാറ്റിയിരിക്കുന്നത്. വ്യവസഥിതികളിൽ ഇളവുവരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

മാത്രമല്ല രോഗികൾ അവയവം സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രലായം നിർദ്ദേശിച്ചു. അവയവം സ്വീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിൽ പ്രായപരിധി ഇല്ല. എന്നാൽ മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കാൻ 65 വയസിനു മുകളിലുള്ളവർക്ക് നേരത്തെ സാധിച്ചിരുന്നില്ല. അവയവമാറ്റത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2013 ൽ 4990 പേർക്ക് അവയവമാറ്റം നടന്നിരുന്നതെങ്കിൽ 2022 ൽ അത് 15, 561 ആയാണ് വർധിച്ചിരിക്കുന്നത്.