രാജ്യത്ത് 10 സ്ഥലങ്ങള്‍ അതീവ സുരക്ഷാ മേഖല; പട്ടികയില്‍ കൊച്ചിയും

0

ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. ആറ് സംസ്ഥാനങ്ങളും അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങങ്ങള്‍ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

കുണ്ടന്നൂര്‍ മുതല്‍ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയില്‍ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം പ്രദേശങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടെ കീഴിലായിരിക്കുമെന്നാണ് കരുതുന്നത്. ഇതു കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് മേഖലകള്‍ വീതവും തെലങ്കാന, ഛത്തീസ്ഗഢ്, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഓരോ മേഖലകളുമടക്കം പത്ത് പ്രദേശങ്ങളാണ് മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊച്ചി നാവിക ആസ്ഥാനം, കപ്പല്‍ശാല, എം.ജി. റോഡ്, കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളടങ്ങുന്നതാണ് കൊച്ചിയിലെ മേഖല.ഇവിടങ്ങളില്‍ അതീവ രഹസ്യ സ്വഭാവ നിയമം ബാധകമായിരിക്കും. ഇവിടങ്ങളില്‍ പ്രതിഷേധം, ചിത്രീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകും.