യുഎഇയിൽ നിന്നും ഇനി വേഗത്തിൽ പണം അയക്കാം; എച്ച്ഡിഎഫ്സി ബാങ്കും ലുലു എക്‌സ്‌ചേഞ്ചും കരാറിൽ ഒപ്പു വെച്ചു

0

അബുദാബി: യുഎഇയിലെ പ്രവാസികൾക്ക് ഇനി ഇന്ത്യയിലേക്ക് വേ​ഗത്തിൽ പണം അയക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിലൂടെ എച്ച്‌ഡിഎഫ്‌സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടിന് ‘RemitNow2India’ എന്ന സേവനമാണ് ലഭിക്കുക.

ഇന്ത്യക്കും ജിസിസിക്കും ഇടയിൽ നൂലാമാലകൾ ഇല്ലാതെ അതിർത്തി കടന്നുള്ള പണമിടപാടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറാണിത്. യുഎഇ താമസക്കാർക്ക് എച്ച്ഡിഎഫ്‌സിയുടെ ഡിജിറ്റൽ ഐഎംപിഎസ്, എൻഇഎഫ്ടി വഴി ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടിലേക്കും പണം അയയ്‌ക്കാൻ സാധിക്കും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിൽ ലുലു ഫോറെക്‌സും എൻബിഎഫ്‌സി ഡിവിഷൻ ലുലു ഫിൻസെർവും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായകരമാകും.

ഒരു ബാങ്ക് എന്ന നിലയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സൗകര്യപ്രദവും തടസങ്ങളില്ലാതെയും പണമയയ്ക്കാൻ സഹായിക്കാൻ ഈ കരാറിലൂടെ സാധ്യമാകുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് തലവൻ അരവിന്ദ് വോഹ്‌റ പറഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്കുമായി പങ്കാളിത്തം നേടുന്നതിലും ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകളിൽ പണമടയ്ക്കൽ ഒരു സേവന പ്ലാറ്റ്‌ഫോം പ്രവർത്തനക്ഷമമാക്കുന്നതിലും സന്തുഷ്ടരാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.