ഡൽഹി: ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. ഗൂഗിൾ തുടങ്ങിയ കമ്പനികൾ എഐ ഉപയോഗിച്ച് പുതിയ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. മാർക്ക് സക്കർബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ പറയുന്നത്.
ടൈപ്പ് ചെയ്ത് നല്കുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പുതിയ ഫീച്ചർ എന്നാണ് റിപ്പോർട്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ പ്രവർത്തിക്കുന്നു രീതിക്ക് സമാനമാണ് ഈ ഫീച്ചര്‍. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഇത് എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ സാധാരണ സ്റ്റിക്കറുകള്‍ അയക്കാന്‍ വേണ്ടി അവ സെലക്ട് ചെയ്യുന്നയിടത്ത് എഐ സ്റ്റിക്കറുകൾ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടണും ഉണ്ടാകും.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പങ്കിട്ട സ്ക്രീൻഷോട്ടിൽ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് പറയുന്നുണ്ട്. ഫീച്ചർ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കൾ ബട്ടൺ ടാപ്പു ചെയ്യണം. തുടർന്ന് നമ്മുക്ക് ആവശ്യമായ എഐ സ്റ്റിക്കറിന് വേണ്ടിയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യാനുള്ള സ്ഥലം ലഭിക്കും. ഇവിടെ ഉപയോക്താവ് നല്കുന്ന നിര്‍ദേശം അനുസരിച്ച് ഒരു സെറ്റ് സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. ഈ ഫീച്ചര്‍ ചിലപ്പോള്‍ പെയ്ഡ് ആയിരിക്കാം എന്നാണ് വിവരം.
കൂടാതെ, പുതിയ എഐ പവർ ഫീച്ചർ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകൾ മെസേജായി ലഭിക്കുന്നയാള്‍ക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അത് എവിടെ സൃഷ്ടിച്ചതാണെന്ന വാട്ടര്‍മാര്‍ക്ക് അതില്‍ ഉണ്ടാകും.
മെറ്റാ നൽകുന്ന സുരക്ഷിത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും എഐ പവർ സ്റ്റിക്കറുകൾ നിർമ്മിക്കുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഏത് ജനറേറ്റീവ് എഐ മോഡലാണ് വാട്ട്സ്ആപ്പ് ഈ ഫീച്ചറിനായി തിരഞ്ഞെടുക്കുന്നത് എന്ന് വ്യക്തമല്ല. ഈ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് തോന്നുന്ന പക്ഷം റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകുമെന്നാണ് സൂചന.