’10 കോടിയൊന്നും വേണ്ട, എൻ്റെ മുടിചീകാൻ 10 രൂപയുടെ ചീപ്പ് മതി’; തലവെട്ടൽ ഭീഷണിക്ക് ഉദയനിധിയുടെ മറുപടി

0

ചെന്നൈ: സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന പരാമര്‍ശത്തില്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയ അയോധ്യയിലെ സന്യാസിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനം.

‘ഡി.എം.കെ. നേതാവ് ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് ഞാന്‍ പത്തു കോടി രൂപ പാരിതോഷികം നല്‍കും. അഥവാ ആരും അതിന് മുതിര്‍ന്നില്ലെങ്കില്‍ ഞാന്‍ തന്നെ അയാളെ കണ്ടുപിടിച്ച് തലയറുക്കും. സനാതന ധര്‍മ്മത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ ഇവിടെ പല മതങ്ങളും നശിച്ചു. ഇന്നും നിലനില്‍ക്കുന്നത് സനാതന ധര്‍മം മാത്രമാണ്. അത് ഒരിക്കലും നശിക്കുകയുമില്ല, നശിപ്പിക്കാനാകുകയുമില്ല’, പരമഹംസ് പറഞ്ഞു. ഉദയനിധിയും ഡി.എം.കെ.യും നശിക്കട്ടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രത്തില്‍ വാളുകൊണ്ട് വെട്ടുകയും ചിത്രം കത്തിക്കുകയും ചെയ്തു.

തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു സന്യാസിയുടെ ഭീഷണിക്കുള്ള ഉദയനിധി സ്റ്റാലിന്റെ മറുപടി. ‘എന്റെ തല ക്ഷൗരംചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു.

അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് ഇത്ര താത്പര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടുന്നാണ് ലഭിക്കുന്നത്. എന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഇത് കാട്ടി പേടിപ്പിക്കാനും നോക്കേണ്ട. തമിഴ്‌നാടിനു വേണ്ടി റെയില്‍വേ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് ഞാന്‍’, ഉദയനിധി വ്യക്തമാക്കി.

സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് അതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇത് ബി.ജെ.പി. നേതാക്കൾക്കിടയിൽനിന്നുള്ള രൂക്ഷമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരുന്നു.