പുഷ്പയിലെ ‘ഓ ആണ്ടവാ…’ ബുദ്ധിമുട്ടായിരുന്നു, ഇനി ഐറ്റം നമ്പർ ചെയ്യില്ല: സമാന്ത

0

ഹൈദരാബാദ്: അല്ലു അർജുനും രശ്മിക മന്ദാനയും നായികാനായകൻമാരായ പുഷ്പ എന്ന മെഗാ ഹിറ്റ് ചിത്രത്തിൽ ഒരു പാട്ടു സീനിൽ മാത്രമാണ് സമാന്ത റൂത്ത് പ്രഭു വന്നു പോയത്. എന്നാൽ, ‘ഓ ആണ്ടവാ…’ എന്ന ആ ഡാൻസ് നമ്പർ രാജ്യം ഒട്ടാകെ വിവിധ ഭാഷകളിൽ ട്രെൻഡ് സെറ്ററായി മാറിയിരുന്നു.

ഈ പാട്ടിൽ അഭിനയിക്കുന്നത് തനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് സമാന്ത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആ പാട്ടിന്‍റെ ചിത്രീകരണം ‘അൺകംഫർട്ടബിൾ’ ആയിരുന്നു എന്നും സമാന്ത പറയുന്നു.


”ഞാൻ അത്ര പോരാ, അല്ലെങ്കിൽ മറ്റു പെൺകുട്ടികളുടെയത്ര സൗന്ദര്യമില്ല എന്നെല്ലാമുള്ള ചിന്ത ഉള്ളിലുണ്ട്. അതുകൊണ്ടു തന്നെ ആ പാട്ടിന്‍റ ചിത്രീകരണം വലിയ വെല്ലുവിളിയായിരുന്നു”, സമാന്ത വിശദീകരിക്കുന്നു.

എന്നാൽ, സ്ത്രീകളിൽ സൗന്ദര്യത്തെ പ്രധാന ഘടകമായി കാണുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നും സമാന്ത കൂട്ടിച്ചേർക്കുന്നു. ഒപ്പം, താനിനി ഒരിക്കലും ഡാൻസ് നമ്പറിൽ മാത്രമായി അഭിനയിക്കില്ലെന്നും സൂപ്പർ നായിക പ്രഖ്യാപിച്ചു.

അല്ലു അർജുനും രശ്മികയും തന്നെ ജോഡികളാകുന്ന പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരിക്കുകയാണ്.