‘ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണം, അവരുടെ പക്കൽ ആറ്റം ബോംബുണ്ട്’: മണിശങ്കർ അയ്യർ

0

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാക്കിസ്താന്‍റെ പരമാധികാരത്തെ ബഹുമാനിച്ചാല്‍ പാക്കിസ്ഥാനും സമാധാനപരമായി നില്‍ക്കും. പ്രകോപിപ്പിച്ചാല്‍ അണുവായുധം പ്രയോഗിക്കാൻ മടിക്കാത്തവരാണ് പാക്കിസ്ഥാനെന്നും അതിന്‍റെ റേഡിയേഷന്‍ അമൃത്‌സറിലെത്താന്‍ 8 സെക്കന്‍ഡ് എടുക്കില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം, പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്. ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത്. മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുമ്പോഴും ഹൃദയം പാക്കിസ്ഥാനൊപ്പമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണിശങ്കറിന്‍റെ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്.

മുന്‍പും തെരഞ്ഞെടുപ്പുകളില്‍ മണിശങ്കർ അയ്യർ പറഞ്ഞ ചായ്‍വാല, നീച് ആദ്മി പരാമർശങ്ങളും ബിജെപി ആയുധമാക്കിയിരുന്നു. ദിവസങ്ങൾക്കു മുന്‍പ്, സാം പ്രിത്രോദയുടെ വിവാദപ്രസ്താവന മൂലവും കോണ്‍ഗ്രസ് വെട്ടിലായിരുന്നു.