ടി20 ലോകകപ്പ് ഫൈനൽ: ഇന്ത്യ 176/7

0

ബ്രിഡ്ജ്‌ടൗൺ: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ്. ട്വന്‍റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

ടൂർണമെന്‍റിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ വിരാട് കോലി 76 റൺസുമായി ടോപ് സ്കോററായി. അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷർ പട്ടേലാണ് (31 പന്തിൽ 47) തുടക്കത്തിലെ ബാറ്റിങ് തകർച്ച കോലിയുമൊത്ത് അതിജീവിച്ചത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. സെമി ഫൈനലുകൾ ജയിച്ച ടീമുകളിൽ ഇരു സംഘവും മാറ്റം വരുത്തിയിരുന്നില്ല.

ആദ്യ ഓവറിൽ മാർക്കോ യാൻസനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിന്‍റെ സൂചനകൾ നൽകി. തൊട്ടടുത്ത ഓവർ എറിയാനെത്തിയത് സ്പിന്നർ കേശവ് മഹാരാജ്. ഈ ഓവറിൽ രോഹിത് ശർമ രണ്ടു ബൗണ്ടറി നേടി നയം വ്യക്തമാക്കിയെങ്കിലും, ഇതേ ഓവറിൽ രോഹിതിന്‍റെയും (5 പന്തിൽ 9) ഋഷഭ് പന്തിന്‍റെയും (2 പന്തിൽ 0) വിക്കറ്റ് നേടിയ മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം നൽകി.

എന്നാൽ, കാഗിസോ റബാദയ്‌ക്കെതിരേ തന്‍റെ ട്രേഡ് മാർക്ക് പിക്കപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ് ഫൈൻ ലെഗ്ഗിൽ ഹെൻറിച്ച് ക്ലാസിനു പിടി കൊടുത്തതോടെയാണ് ഇന്ത്യ ശരിക്കും പ്രതിരോധത്തിലായത്. അപ്പോൾ സ്കോർ 34/3.

എന്നാൽ, ഇവിടെ ഒരുമിച്ച അക്ഷർ പട്ടേലും കോലിയും ചേർന്ന് സ്കോർ 106 വരെയെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ അക്ഷർ നാലു സിക്സറുകൾ കൂടി നേയി ശേഷമാണ് കളം വിട്ടത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്കിന്‍റെ ഡയറക്റ്റ് ഹിറ്റിൽ അപ്രതീക്ഷിതമായി റണ്ണൗട്ടാകുകയായിരുന്നു.

തുടർന്നെത്തിയ ശിവം ദുബെ, മുൻ മത്സരങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതൽ ഇന്‍റന്‍റോടെ ബാറ്റ് ചെയ്തു. 16 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത ദുബെ അവസാന ഓവറിലാണ് പുറത്തായത്.

48 പന്തിൽ 50 തികച്ച കോലി അടുത്ത പത്ത് പന്തിൽ 26 റൺസ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറിൽ പുറത്തായത്. ആകെ 59 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 76 റൺസ്. രണ്ടു സിക്സും പിറന്നത് അമ്പതിനു ശേഷമായിരുന്നു.

2012നു ശേഷം ആദ്യമായാണ് ഒരു ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. അതേസമയം, മുൻപ് എട്ടു ഫൈനലുകളിൽ ഏഴു തവണയും ടോസ് നേടിയ ടീം തന്നെയാണ് കപ്പ് നേടിയത് എന്ന ചരിത്രവുമുണ്ട്.


ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലിൽ വരെയെത്തിയത്. ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ക്രിക്കറ്റിന്‍റെ ഏതെങ്കിലും ഫോർമാറ്റിൽ ഫൈനൽ കളിക്കുന്നത്.