പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി ബിലാൽ അഹമ്മദ് കുചായ് ആണ് മരിച്ചത്. 32 വയസായിരുന്നു.

പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം. എൻഐ നിയമം സെക്ഷൻ 302, ആർപിസി ചട്ടം സെക്ഷൻ 307-120-ബി, 121-എ/122, യുഎപിഎ നിയമത്തിലെ 16, 18, 19, 38, 39 സെക്ഷനുകൾ പ്രകാരവും കേസെടുത്തിരുന്നു.

2020 ജൂലൈ അഞ്ചിനാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. അന്ന് മുതൽ ജമ്മുവിലെ കിഷ്ത്വാർ ജയിലിൽ കഴിയുകയായിരുന്നു. ഇവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം. സെപ്തംബർ 17 നാണ് അത്യാസന്ന നിലയിൽ ഇയാളെ ജമ്മുവിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.