ഐക്യരാഷ്ട്ര രക്ഷാസമിതി: ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഫ്രാൻസ്

0

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കും വിധം രക്ഷാ സമിതിയിൽ മാറ്റം വരണമെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ മാത്രമല്ല, ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വം നേടാൻ അർഹതയുള്ള രാജ്യങ്ങളാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഇതു കൂടാതെ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിന്‍റെ പ്രതിനിധികളായി രണ്ടു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും മാക്രോൺ.

അതേസമയം, ഈ പരിഷ്കാരം കൊണ്ടു മാത്രം രക്ഷാസമിതിയുടെ കാര്യക്ഷമത പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും മാക്രോൺ പറഞ്ഞു. സംഘടന പ്രവർത്തിക്കുന്ന രീതികളിൽ തന്നെ മാറ്റം വരണം. വീറ്റോ അധികാരം പ്രയോഗിക്കുന്നതിനു നിയന്ത്രണം വേണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വീറ്റോ തടസമാകരുതെന്നും മാക്രോൺ.