വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈകുന്നേരം പ്രഥമ വനിത ജിൽ ബൈഡനൊപ്പം ബ്ലൂ റൂമിലെ ദിയ വിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. നിരവധി ഇന്ത്യൻ – അമേരിക്കക്കാരും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന് സ്വീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരുപക്ഷെ 2024 നവംബര്‍ അഞ്ചിന് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന് സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കും ഇത്.
ബൈഡന്റെ ആമുഖത്തിൽ വിരമിച്ച നാവികസേന ക്യാപ്റ്റനും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും സുനിത വില്യംസിന്റെ ദീപാവലി ആശംസകള്‍ നല്‍കുക.
അതേസമയം, ക്ലാസിക്കല്‍ സൗത്ത് ഏഷ്യന്‍ നൃത്ത-സംഗീത സംഘമായ നൂതനയുടെയും മറൈന്‍ കോര്‍പ്സ് ബാന്‍ഡിന്റെ കലാപരിപാടികളും വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ ഉണ്ടാകും.