ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വൈറലായി വീഡിയോ

0

ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത തരത്തിലാണ് ഇന്ത്യയിലെ പല ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകളുടെ അവസ്ഥയെന്ന് നിരവധി കാലമായുള്ള പരാതിയാണ്. ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘദൂര ട്രെയിനുകളിലെ ലോക്കല്‍ കോച്ചുകൾ വെട്ടിക്കുറച്ച് പ്രീമിയം കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചതാണ് പ്രശ്ന കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും റെയിൽവേ പ്രശ്നപരിഹാരത്തിന് യാതൊന്നും ചെയ്യുന്നില്ല. ഇതിനിടെയാണ് ഒരു യാത്രക്കാരന്‍, ഒരു ലോക്കല്‍ കോച്ചില്‍ സ്വന്തം നിലയില്‍ ഒരു ബര്‍ത്ത് തന്നെ ഉണ്ടാക്കിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മാധ്യമ പ്രവര്‍ത്തകയായ പ്രിയ സിംഗാണ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ വീഡിയോ പുറത്ത് വിട്ടത്. പരിമിതമായ സാധനങ്ങള്‍ കൊണ്ട് പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവച്ചത്. റെയില്‍വേ കോച്ചിലെ രണ്ട് ബര്‍ത്തുകളെ ഒരു യുവാവ് കയറ് കട്ടിലിന് സമാനമായ രീതിയില്‍ കയർ ഉപയോഗിച്ച് തലങ്ങും വിലങ്ങും കെട്ടുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം മറ്റ് യാത്രക്കാര്‍ ഇയാളുടെ പ്രവൃത്തി നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

സാരിയോ ബെഡ്ഷീറ്റോ പോലുള്ള നീളമുള്ള തുണി ഉപയോഗിച്ച് തൊട്ടിലിന് സമാനമായ രീതിയില്‍ കെട്ടിയിട്ട് അതില്‍ കയറി ഇരിക്കുന്ന ആളുകളുടെ വീഡിയോകള്‍ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് രണ്ട് ബര്‍ത്തുകളെ കയറുപയോഗിച്ച് ബന്ധിപ്പിച്ച് പുതിയൊരു ബര്‍ത്ത് തന്നെ ഒരാള്‍ സ്വന്തമായി സൃഷ്ടിക്കുന്നത്. എന്നാല്‍, വീഡിയോ എപ്പോള്‍, ഏത് ട്രെയിനില്‍ എവിടെ വച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ആളുകള്‍ എങ്ങനെയാണ് ഇതില്‍ നിന്നും ഇറങ്ങുകയെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.