പുകവലി ശീലം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഷാരുഖ് ഖാന്‍ വെളിപ്പെടുത്തിയത്. നവംബര്‍ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. താരത്തിന്റെ ആരാധകര്‍ ഈ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിലരാകട്ടെ ഷാരൂഖിന്റെ പ്രഖ്യാപനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുകവലി നിര്‍ത്താനും തീരുമാനിച്ചു. എന്നാല്‍ അത്തരക്കാര്‍ക്ക് ഒരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുയാണ് കിങ് ഖാന്‍.
പുകവലി നിര്‍ത്തുന്നതിനുള്ള ഒരു റോള്‍ മോഡലായി സ്വയം കരുതുന്നില്ലെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. ”നിങ്ങള്‍ക്കെന്താണോ ശരിയെന്ന് തോന്നുന്നത്, അത് ചെയ്യുക… ഇക്കാര്യത്തില്‍ ഞാനൊരു റോള്‍ മോഡലല്ല…” ഷാരൂഖ് ഫാന്‍സിനോട് പറഞ്ഞു.
30വര്‍ഷം നിര്‍ത്താതെ വലിച്ച ഒരാളെന്ന നിലയില്‍ പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ ഉപദേശിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പുകവലിക്കുന്നത് നല്ലതല്ലെന്ന് നമുക്കെല്ലാം എപ്പോഴുമറിയാം. നിര്‍ത്താന്‍ പറ്റിയാല്‍ നല്ലത്. പറ്റുന്നില്ലെങ്കില്‍ വളരെ മോശം. നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന സമയത്ത് അനുയോജ്യമായത് ചെയ്യുക”, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
പുകവലി ഉപേക്ഷിച്ചതിന് ശേഷം ശ്വാസതടസ്സം അനുഭവപ്പെടില്ലെന്നായിരുന്നു കരുതിയത്. പക്ഷെ ഇപ്പോഴും ആ തോന്നലുണ്ട്. ഈ അവസ്ഥയോട് പൊരുത്തപ്പെടുകയാണെന്നും ഷാരുഖ് നവംബര്‍ രണ്ടിന് മീറ്റ് ആന്‍ഡ് ഗ്രീറ്റിനിടെ പറഞ്ഞിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകര്‍ പുകവലി നിര്‍ത്താനുള്ള താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.
പുകവലി ശീലങ്ങളെക്കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ഷാരൂഖ്. 2011-ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു ദിവസം 100 സിഗരറ്റുകള്‍ വരെ വലിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. വെള്ളം കുടിക്കാറില്ലെന്നും ദിവസം 30 കപ്പ് കട്ടന്‍ കാപ്പി കുടിക്കാറുണ്ടെന്നും അന്ന് ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.