സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്

0

സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടി. ബോക്സിങ്ങ് കോർഡിനേറ്റർ ഡോ.ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നു.

അതേസമയം എല്ലാ വർഷവും ഇനി ഒളിംപിക്‌സ് മാതൃകയിൽ കായികമേള നടത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും അവസരവും കിട്ടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഒളിംപിക്‌സ് മാതൃകയിൽ നടക്കുന്ന ഈ കായികമേളയിൽ 24,000 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 2,000ത്തോളം മത്സരം നിയന്ത്രിക്കുന്ന അധ്യാപകരുമുണ്ട്. താമസ-ഭക്ഷണ കാര്യത്തിലെല്ലാം കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ഭിന്നശേഷിക്കാർക്കായി സ്‌പെഷൽ ഒളിംപിക്‌സും ഇതോടൊപ്പം നടക്കുന്നുണ്ട്. കേരളം ഇന്ത്യയ്ക്കു നൽകുന്ന സംഭാവനയും മാതൃകയുമാണിത്. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ എട്ട് സ്‌കൂളുകളിൽനിന്നുള്ള 50ലേറെ കുട്ടികളും ഇവിടെ പങ്കെടുക്കുന്നുണ്ട്. ഒളിംപിക്‌സിനോടൊപ്പം എത്തിയില്ലെങ്കിലും ഒളിംപിക്‌സ് മാതൃകയിലും രീതിയിലും നമുക്ക് നടത്താൻ കഴിയുന്നു. ഇത് കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.