സിയോൾ: ചരിത്രപ്രധാന്യമുള്ള പെൺപ്രതിമയിൽ ഉമ്മ വച്ച് അപമാനിച്ചതിന്റെ പേരിൽ അമെരിക്കൻ യൂട്യൂബർക്ക് 10 വർഷം ജയിൽ ശിക്ഷ നൽകാനൊരുങ്ങി ദക്ഷിണ കൊറിയ. 24 വയസുള്ള ജോണി സോമാലി എന്നറിയപ്പെടുന്ന റാംസേ ഖാലിദ് ഇസ്മയിലാണ് നിയമപ്രശ്നത്തിലായത്. ദക്ഷിണകൊറിയയ്ക്ക് അകത്തും പുറത്തും സംഭവം വൻ വിവാദമായി മാറി. സിയോളിലെ കൾച്ചറൽ പാർക്കിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് പീസ് എന്ന് പ്രശസ്തമായ പ്രതിമയെയാണ് സോമാലി അപമാനിച്ചത്. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ജാപ്പനീസ് സൈന്യം കൊറിയൻ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റിയിരുന്നു.
അത്തരത്തിൽ ദുരിതം പേറി ഇല്ലാതായ ആയിരക്കണക്കിന് സ്ത്രീകളുടെ ഓർമ നില നിർത്താനും ആദരവ് അർപ്പിക്കാനുമാണ് സമാധാന പ്രതിമ സ്ഥാപിച്ചത്. പ്രതിമയെ ചുംബിച്ചു കൊണ്ടുള്ള സോമാലിയുടെ വീഡിയോ നിരവധി കൊറിയയ്ക്കാരെ പ്രകോപിപ്പിച്ചു. പ്രതിമയ്ക്കു മുന്നിൽ നിന്ന് മോശം രീതിയിൽ നൃത്തം ചെയ്യുന്നതും വീഡിയിയോലുണ്ടായിരുന്നു.ആഗോളതലത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായി. ഇതോടെ ഏറ്റവും കുറഞ്ഞത് 10 വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി സോമാലിയെ അറസ്റ്റ് ചെയ്തു.
അന്വേഷണം തുടരുകയാണ്. അന്വേഷണം തീരും വരെ രാജ്യം വിടുന്നതിൽ നിന്ന് സോമാലിയെ തടഞ്ഞിട്ടുണ്ട്. ജപ്പാനിലും ജറൂസലമിലും സമാനമായ പ്രവൃത്തികൾ മൂലം സോമാലിയെ വിലക്കിയിട്ടുണ്ട്. ട്വിച്ച്, കിക്ക് എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യ മാധ്യമങ്ങളിലും സോമാലിക്ക് നിരോധനമുണ്ട്. ദക്ഷിണ കൊറിയയിലെ സംഭവത്തിന്റെ പേരിൽ സോമാലി പൊതു ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും ശിക്ഷയിൽ നിന്ന് അയാളെ രക്ഷപ്പെടുത്താൻ ഉതകില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.