കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തും

0

ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മാത്യു നോർമൻ, മാർട്ടിൻ സ്റ്റീഫൻസ്, സി യി ചെൻ, സ്കോട്ട് റഷ്, മൈക്കൽ സുഗജ് എന്നിവരാണ് ഈ അഞ്ചുപേർ.

ലഹരിമരുന്ന്ഗൂഢാലോചനയുടെ സൂത്രധാരന്മാരായ ആൻഡ്രൂ ചാൻ, മ്യൂറൻ സുകുമാരൻ എന്നിവരുടെ വധശിക്ഷ 2015-ൽ നടപ്പിലാക്കിയിരുന്നു. 2018-ൽ അർബുദം ബാധിച്ച് മരിച്ച ടാച്ച് ഡക് തൻ ഗുയെൻ, അതേ വർഷം ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറച്ചതിന് ശേഷം മോചിതയായ റെനെ ലോറൻസ് എന്നിവരാണ് മറ്റുള്ളവർ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് ഇന്തൊനീഷ്യൻ പ്രസിഡന്‍റിനോട് തടവുകാരെ തിരിച്ചയക്കണമെന്ന് അഭ്യർഥിച്ചിരുന്നു.ഇതാണ് ഇവരെ തിരിച്ച് അയ്ക്കുന്നതിന് കാരണം.

ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് നേരത്തെ ഇന്തൊനീഷ്യയിലെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാരെ ഓസ്‌ട്രേലിയയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചിരുന്നു. ഇന്തൊനീഷ്യൻ പ്രസിഡന്‍റ് ഇത് ഡിസംബറിൽ നടപ്പിലാക്കുമെന്നും പ്രതീക്ഷിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലി നയന് എതിരായ കേസ് ഓസ്‌ട്രേലിയയിലും ഇന്തൊനീഷ്യയിലും വലിയ വിവാദങ്ങൾക്ക് കാരണമായിയിരുന്നു.

2019 ഡിസംബറിൽ, സ്കോട്ട് റഷ് തന്‍റെ ജീവപര്യന്തം ശിക്ഷ കുറയ്ക്കണമെന്ന് അഭ്യർഥിച്ച് കത്ത് എഴുതിയിരുന്നു. ലഹരിമരുന്ന് വിരുദ്ധ പ്രചാരകനാകുമെന്നും ഇന്തൊനീഷ്യൻ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്. ബാലി നയൻ സംഘത്തിലെ അംഗവും നേരത്തെ ജയിലിൽ നിന്ന് മോചനം ലഭിച്ച റെനെ ലോറൻസ് ബാക്കിയുള്ള അഞ്ച് പേർക്ക് ശിക്ഷ കുറയ്ക്കണമെന്ന് നേരത്തെ അഭ്യർഥിച്ചതും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.