റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി യുക്രൈന്‍ യുദ്ധം തുടങ്ങിയതുമുതല്‍ പാരിസില്‍ ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാരിസില്‍ ഇവര്‍ ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 21കാരിയായ ഇവര്‍ പാരിസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിനിയുമാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമായിരുന്ന ഇവര്‍ യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് കള്ളപ്പേരില്‍ പാരിസില്‍ കഴിഞ്ഞുകൂടുകയാണെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അച്ഛന്റെ പേര് ചേര്‍ത്തുകൊണ്ട് വ്‌ലാഡിമിറോവ്‌ന എന്ന പേര് വ്‌ലാദിമിറിന്റെ രഹസ്യപുത്രി ഇപ്പോള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം എലിസവേറ്റ ഒലേഗോവ്‌ന എന്ന പേരാണ് ഈ 21 വയസുകാരിയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. ഒലെഗോവ്‌ന എന്നാല്‍ ഒലെഗിന്റെ മകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ഒലഗ് എന്നത് പുടിന്റെ അടുത്ത അനുയായിയായ ഒലെഗ് റുഡ്‌നോവാണോ എന്നാണ് യുക്രൈനിയന്‍ ടിവി ചാനലായ ടിഎസ്എന്‍ സംശയിച്ചിരുന്നത്.
പുടിനുമായി പ്രണയബന്ധമുണ്ടായിരുന്നെന്ന് കരുതുന്ന സ്വെറ്റ്‌ലാന ക്രിവോനോഗിഖ് ആണ് ഈ യുവതിയുടെ മാതാവ്. ഇവര്‍ ഒരു കാലത്ത് ക്ലീനറായി ജോലി നോക്കിയിരുന്ന ആളായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവര്‍ കോടീശ്വരിയാണ്. ക്രെംലിന്റെ പ്രധാന പ്രചരണ ചാനലുകളെ നിയന്ത്രിക്കുന്ന നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടറുമായി മാറിയിരിക്കുകയാണ് സ്വെറ്റ്‌ലാന. 2000ല്‍ പുടിന്‍ പ്രസിഡന്റായശേഷം സ്വെറ്റ്‌ലാന കോടീശ്വരിയായതിന് പിന്നില്‍ ഇവര്‍ തമ്മിലുള്ള ശക്തമായ ബന്ധമാണ് കാരണമെന്ന് പാണ്ടോറ പേപ്പേഴ്‌സ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വെറ്റ്‌ലാനയുടെ പുത്രി പുടിന്റെ രഹസ്യ പുത്രിയാണെന്ന് വാര്‍ത്തകള്‍ പരന്നത്.