അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ ബലാഹ് മുനിസിപ്പാലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു.
സമീപ മാസങ്ങളിൽ രൂക്ഷമായ ജലപ്രതിസന്ധിയുണ്ടായതിനെത്തുടർന്ന് താമസക്കാർക്കും കുടിയിറക്കപ്പെട്ടവർക്കും ജല ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദാർ അൽ ബലാഹ് മുനിസിപ്പാലിറ്റിക്ക് യുഎഇ അടിയന്തര മാനുഷിക സഹായങ്ങൾ നൽകും. തകരാറിലായ കിണറുകളുടെയും റിസർവോയറുകളുടെയും പ്രവർത്തനം പുനരാരംഭിക്കാനുള്ള ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങളാണ് നൽകുക.
ജല ശൃംഖലകളുടെ നാശവും പ്രവർത്തന സ്രോതസുകളുടെ അഭാവവും മൂലം മുനിസിപ്പാലിറ്റിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ലഘൂകരിക്കുന്നതാണ് പദ്ധതി. ഗാസ മുനമ്പിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഗസ്സ, ഗസ്സ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ജല ശൃംഖലകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതി ഈ സംരംഭം വഴി നേരത്തെ നടപ്പിലാക്കിയിരുന്നു.