ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

0

കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്‌ളോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

വേദനാജനകമായ സംഭവമെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതികരിച്ചു. 2020ല്‍ പട്ടിക വര്‍ഗ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ആന മതില്‍ കെട്ടാന്‍ ഭരണാനുമതി ലഭിച്ചിരുന്നുവെന്നും മെല്ലെപ്പോക്ക് നയത്തിന്റെ ഭാഗമായി അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യ ജീവന്‍ പന്താടുന്ന സാഹചര്യമാണവിടെയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് പ്രദേശത്ത് വേണ്ടത്ര സജീവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് പ്രാദേശിക ലേഖകനായ കെ ബി ഉത്തമന്‍ പറഞ്ഞു. ഇന്നത്തെ സംഭവം കൂടി കൂട്ടി 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകല്‍ സമയത്ത് പോലും കാട്ടാന ഭീതി പ്രദേശത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.