ഫൈസാബാദ്: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.
40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.