സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്ന് വിധി പറയും

0

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെറ്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.

സിബിഐയുടെ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂത‍ൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എ‍എസ്ഐ വി.വി.അഗസ‍്റ്റിനെയും കുറ്റപത്രത്തിൽനിന്നു സിബിഐ ഒഴിവാക്കി.

സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വർഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഇൗ മാസം 10നു പൂർത്തിയായി. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 8 പേർ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.

തുടക്കം മുതൽ അട്ടിമറി ശ്രമങ്ങൾ ഉണ്ടായ ഒരു കേസിലാണ് ഇന്ന് വിധിവരുന്നത്. കോടതിയിൽ സമർപ്പിച്ച അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. എന്നാൽ മകളുടെ നീതിക്കായി അഭയയുടെ പിതാവ് തോമസ് ഐക്കരകുന്നേലിനും അമ്മ ലീലാമ്മക്കുമൊപ്പം ജനം പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ കേസ് സർക്കാർ സബിഐക്ക് വിട്ടു.

1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.