എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് 59 ലക്ഷം രൂപയ്ക്ക്

0

ബോസ്റ്റണ്‍: 1865-ല്‍ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി 81,000 ഡോളറിന്(ഏകദേശം 59.51 ലക്ഷം രൂപ)ലേലത്തില്‍ പിടിച്ചു. ഇതിനോടൊപ്പം ലിങ്കന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉള്‍പ്പെട്ടിരുന്നു. ബോസ്റ്റണ്‍ ആര്‍ ആര്‍ ഓക്ഷന്‍ ശനിയാഴ്ചയാണ് ലേലത്തിന്റെ വിവരം പുറത്തുവിട്ടത്.

മുക്കാൽ ലക്ഷം ഡോളർ വില ലഭിക്കുമെന്ന് ഓക്‌ഷൻ ഹൗസ് പ്രതീക്ഷിച്ച വസ്തുക്കൾ ഉയർന്ന വിലയ്ക്കു സ്വന്തമാക്കിയ വ്യക്തി ആരെന്നു സംഘാടകർ വെളിപ്പെടുത്തിയില്ല.

വാഷിങ്ടണ്‍ ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ച് ജോണ്‍ വില്‍ക്കിസ് ബൂത്താണ് എബ്രഹാം ലിങ്കനു നേരെ നിറയൊഴിച്ചത്. ലിങ്കന്റെ ശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനിടെ രണ്ടു ഇഞ്ച് (അഞ്ചു സെന്റീമീറ്റർ) വലിപ്പമുള്ള തലമുടി നീക്കം ചെയ്തു. ലിങ്കന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമൻ ബീച്ചർ ടോഡിനു ലഭിച്ചതായിരുന്നു ഈ മുടിച്ചുരുൾ.

ലിങ്കന്റെ ഇൻക്വസ്റ്റ് വേളയിൽ ഡോ. ടോഡും സന്നിഹിതനായിരുന്നെന്ന് ആർ.ആർ ഓക്‌ഷൻ വെളിപ്പെടുത്തി. കെന്റക്കി ലെക്സിങ്ടണിലെ പോസ്റ്റ് ഓഫിസിൽ ഡോ . ടോഡിന്റെ സഹായിയായിരുന്ന ജോർജ് കിന്നിയർ, ഡോ ടോഡിന് അയച്ച ഔദ്യോഗിക ടെലിഗ്രാമിൽ പിടിപ്പിച്ച നിലയിലായിരുന്നു മുടിച്ചുരുൾ. 1865 ഏപ്രിൽ 11നു രാത്രി 11നാണ് ഈ ടെലിഗ്രാം വാഷിങ്ടനിൽ മേൽവിലാസക്കാരനു ലഭിക്കുന്നത്.

ലിങ്കന്റെ മുടിച്ചുരുളിന്റെയും ടെലിഗ്രാമിന്റെയും ആധികാരികത ആർ ആർ ഓക്‌ഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മുടിച്ചുരുൾ ടോഡ് കുടുംബത്തിന്റെ പക്കൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കാര്യം 1945ൽ എഴുതിയ കത്തിൽ ഡോ ടോഡിന്റെ മകൻ ജയിംസ് ടോഡും വ്യക്തമാക്കിയിട്ടുണ്ട്.