ഓട്ടോയിൽ ബസിടിച്ച് നവവരൻ മരിച്ചു

0

കോട്ടയം ∙ എംസി റോഡിൽ സംക്രാന്തി നീലിമംഗലം പാലത്തിലെ സ്ലാബ് ജോയിന്റ് വിള്ളലിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെ മകൻ രഞ്ജിൻ സെബാസ്റ്റ്യൻ (ഉണ്ണി –28) ആണ് മരിച്ചത്. മുട്ടുചിറ സ്റ്റാൻഡിലെ ഡ്രൈവറാണ്. ഒന്നരമാസം മുൻപായിരുന്നു വിവാഹം.

ഇന്നലെ രാവിലെ ആറിനാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ, വൈക്കം ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്കുള്ള ബസിൽ ഇടിച്ചാണ് അപകടം. മുട്ടുചിറയിലെ ഇറച്ചിക്കടയിൽ നിന്ന് ദിവസവും പുലർച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളിൽ ഇറച്ചി എത്തിച്ചു നൽകുന്നതിനായി രഞ്ജിൻ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അപകടം.

നീലിമംഗലം പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ഇളകി വിള്ളൽ വീണ നിലയിലാണ്. കൂർത്ത കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നിൽക്കുന്നുണ്ടായിരുന്നു. ഈ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് അപകടമെന്നാണു കരുതുന്നത്. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോയിൽ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അഗ്നിരക്ഷാ സേനയും പൊലീസും എത്തി അഗ്നിരക്ഷാ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കിൽ സാങ്കേതിക വിദഗ്ധരുടെ വാഹന, റോഡ് പരിശോധന കൂടി വേണമെന്നു ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബസിന്റെ മുൻഭാഗവും ചില്ലും തകർന്നു.

ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടിൽ സോനയാണ് ഭാര്യ. മാതാവ്: ലൂസി. സഹോദരങ്ങൾ: രഞ്ജിത് ഷിബിൻ, രഞ്ജി സെബാസ്റ്റ്യൻ, അഞ്ജു. സംസ്കാരം ഇന്നു മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.