നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ

0

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്ക്ക് എത്തിക്കാനായത്. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്.

ആറ് മണിയോടടുത്തായിരുന്നു സംഭവം. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു.

ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേർന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.