നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു. വിവാഹ വാർത്തയ്ക്ക് പിന്നാലെ ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രംഗത്തെത്തിയത്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018 ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്‍റെ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ വിനോദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.