മീ ടൂ ക്യാമ്പയിന്‍ മലയാളത്തിലേക്കും. പ്രമുഖ നടനും ജനപ്രതിനിധിയുമായ മുകേഷിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 19 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ മുകേഷ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ടെസ്സ് ജോസഫ് എന്ന യുവതിയാണ് എത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുകേഷ് തന്നെ പല തവണ ശല്യം ചെയ്തതായിട്ടാണ് ആരോപണം.
കോടീശ്വരന്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്തെ സംഭവമാണ്. തനിക്ക് അന്ന് 20 വയസ്സ് പ്രായമായിരുന്നെന്നും താന്‍ ക്രൂവിലെ ഏക വനിതയായിരുന്നെന്നും മുകേഷ്‌കുമാര്‍ എന്നയാള്‍ തന്നെ പല തവണ മുറിയിലേക്ക് വിളിച്ചെന്നും തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്.
തന്റെ ബോസായ ഡെറക് ഒബ്രിയാന്‍ ഒരു മണിക്കൂര്‍ സംസാരിച്ചെന്നും വിമാനം ഏര്‍പ്പാടാക്കിയെന്നും പറയുന്നു. ടെസ്സിന്റെ ട്വീറ്റിന് താഴെ മലയാളം നടന്‍ മുകേഷാണോ എന്ന ചിലരുടെ ചോദ്യത്തിന് അതേ നടനും രാഷ്ട്രീയക്കാരനുമായ ആള്‍ എന്നും പറഞ്ഞിട്ടുണ്ട്. ഡെറക് ഒബ്രയാന്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്.
എന്നാല്‍ യുവതിയുടെ
ആരോപണം ഓര്‍മ്മയില്ലെന്നും ചിരിച്ചു തള്ളുന്നതായും മുകേഷിന്റെ പ്രതികരണം ഉടനെത്തിയിട്ടുണ്ട്.
ഹോളിവുഡില്‍ നിര്‍മ്മാതാവിനെതിരേ തുടങ്ങിയ മീ ടൂ ക്യാമ്പയിന്‍ ഇന്ത്യയിലും ശ്രദ്ധേയമായിരിക്കുന്നത് ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരേ തനുശ്രീദത്തയുടെ ആരോപണം ശ്രദ്ധേയമായതിന് പിന്നാലെയാണ്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ മീ ടൂ ക്യാംപയിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മലയാളത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരം ഒരു ആരോപണം വരുന്നത്.