മഹാനടന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ

0

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.

വട്ടിയൂർക്കാവ് തിട്ടമംഗലത്തെ നെടുമുടി വേണുവിന്റെ വസതിയിലുള്ള ഭൗതികദേഹം ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്കു ശേഷം രണ്ടു മണിയോടെ സർക്കാരിന്റെ എല്ലാ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവിന്റെ ജനനം. കൊട്ടാരം എൻഎസ്‌ യുപി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. തുടർന്ന് മലയാളത്തിലെ തിരക്കേറിയ സഹനടനായി മാറിയ നെടുമുടി വേണു മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു.