മലയാള നാടകവേദിയിലും സിനിമയിലും അഭിനയ ചാതുര്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നെടുമുടി വേണു എന്ന അതുല്യ കലാകാരൻ്റെ വിയോഗം മലയാളത്തിൻ്റെ മഹാനഷ്ടം തന്നെയാണ്. പ്രതിഭാധനനായ നാടൻ പാട്ടുകാരനായ നെടുമുടി കേവലം നടൻ മാത്രമായിരുന്നില്ല. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി എന്നീ സിനിമകളുടെ കഥാകൃത്ത് കൂടിയായിരുന്നു നെടുമുടി.
ഏത് കഥാപാത്രത്തെയും മെയ് വഴക്കത്തിലൂടെ കരതലാമലകം പോലെ കൈകാര്യം ചെയ്ത അഭിനയ സിദ്ധി മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത മേന്മ തന്നെയാണ്. വിടപറയും മുൻപേയിലെ മാധവൻകുട്ടിയും തകരയിലെ ചെല്ലപ്പനാചാരിയും മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടത്തിലെ മാഷും മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വേഷപ്പകർച്ച തന്നെയായിരുന്നു.
അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം അവിസ്മരണ മാക്കിയ കഥാപാത്രങ്ങൾക്കിടയിൽ മുക്കുറ്റിയും തിരുതാളിയും കാടും പടലും പറിച്ചു കെട്ടിയ കഥാപാത്രങ്ങളും ഉണ്ടായിരുന്നു’ രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കൈപ്പിടിയിലൊതുക്കിയ നെടുമുടി വേണു മനസ്സിൽ എന്നും സംഗീതം സൂക്ഷിച്ചിരുന്ന കലാകാരനായിരുന്നു.
കഥകളിയും മൃദംഗവും നെടുമുടിയുടെ മനസ്സിലെ ജ്വലിക്കുന്ന അഗ്നിനാളങ്ങൾ തന്നെയായിരുന്നു. അർഹതപ്പെട്ട ദേശീയ പുരസ്കാരം ബാക്കി വെച്ചാണ് നെടുമുടി യാത്രയായത് എന്നത് വേദനയുളവാക്കുന്ന യാഥാർത്ഥ്യമാണ്. ചലച്ചിത്ര ലോകത്തിൽ വ്യത്യസ്ത മേഖലയിൽ തൻ്റെ പ്രതിഭ കൊണ്ട് മേലൊപ്പ് ചാർത്തിയ അതുല്യ കലാകാരൻ്റെ നടന വൈഭവത്തിന് മുന്നിൽ പ്രണാമം.