വിടവാങ്ങിയത് … ബി ടൗണിലെ പ്രണയനായകൻ

0

ബോളിവുഡിലെ എക്കാലത്തെയും പ്രണയനായകൻ  ഋഷി കപൂർ ഇനി ഓർമ്മ. 1970 കളിലെ യൗവനത്തിന്റെ പ്രതീകമായിരുന്നു ഋഷി.ഋഷികപൂറിന്റെ  വേർപാട് ബോളിവുഡ് സിനിമാലോകത്തിന്റെ തീരാ നഷ്ടമാണ്. ഇന്ത്യന്‍ സിനിമയുടെ കുലപതിമാരില്‍ ഒരാളായ  രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച് ഇന്ത്യൻ സിനിമ ചരിത്രത്തിൽ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച അഭിനയ സാമ്രാട്ട്.

1973 -ൽ രാജ്‌കപൂർ സംവിധാനം ബോബിയിലൂടെ  ബോളിവുഡ് സിനിമ ലോകത്ത്  കന്നിയങ്കം കുറിച്ചു. ബോബിയിലെ  പ്രകടനത്തിലൂടെത്തന്നെ ഋഷി കപൂർ–ഡിംപിൾ കപാഡിയ ജോഡി ഹിന്ദി സിനിമാലോകത്തിന്റെ അവിഭാജ്യഘടകമായി മാറി. പിന്നീട് ബി ടൗണിലെ പ്രണയനായകനായി ഏകദേശം 92 സിനിമകളിൽ അഭിനയിച്ചു. അതിൽ 36 എണ്ണവും ബോക്സ്ഓഫിസിലെ ഹിറ്റുകളായിരുന്നു.  ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബോബി, ലൈലാ മജ്നു, സർഗം, കർസ്, പ്രേം രോഗ്, നാഗിന, ഹണി മൂൺ, ഹീന, ബോൽ രാധാ ബോൽ, യേ വാദാ രഹാ തു തുടങ്ങിയവ പ്രധാന ഹിറ്റുകൾ. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ പോലെ അതിലെ പാട്ടുകളും അന്നത്തെ യുവത്വത്തിന്റെ ഹരമായിരുന്നു.

നെപോട്ടിസം അഥവാ കുടുംബവാഴ്ച മുഖമുദ്രയാക്കിയ ബോളിവുഡ് സിനിമാമേഖലയിലെ ഒരു കണ്ണിയായിരുന്നു ഋഷികരണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റീമ കപൂര്‍ എന്നിവരാണ് സഹോദരങ്ങളാണ്. പതിനഞ്ചോളം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിങിനെയാണ് ഋഷി കപൂർ വിവാഹം കഴിച്ചിരിക്കുന്നത്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്, മകൾ റിധിമ കപൂർ.

1973–2000 കാലയളവിൽ 92 സിനിമകളിൽ ഋഷി നായകനായി. തുടർന്ന് സഹനടന്റെ റോളുകളിലേക്ക് മാറി. 2012 ൽ ‘അഗ്നിപഥി’ലും 2018 ൽ ‘മുൽക്കി’ലും അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടി. ബോളിവുഡിലെ പ്രശസ്തമായ ആർകെ ഫിലിംസ് കമ്പനി ഉടമ കൂടിയായ അദ്ദേഹം സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2008 ൽ ആജീവനാന്ത മികവിനുള്ള ഫിലിം ഫെയർ പുരസ്കാരം നേടി.

നടനെന്നതിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി. 1999ൽ ആ അബ് ലോട്ട് ചലേൻ എന്ന ചിത്രം സംവിധാനം ചെയ്തു. 2000 കാലഘട്ടത്തില്‍ അദ്ദേഹം സഹതാരത്തിന്റെ വേഷത്തിലേയ്ക്കു മാറി. ഹം തും, ഫനാ, നമസ്തേ ലണ്ടന്‍, ലവ് ആജ് കല്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകർക്കരികിലേയ്ക്കെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോഡിയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പാണ്  ദി ബോഡി.

2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്  ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.