ലുധിയാന: മുതിര്‍ന്ന നടന്‍ സതീഷ് കൗള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേല്‍, ഹത്യ, ഭക്തിമേം ശക്തി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിലും പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
മഹാഭാരത്തില്‍ ഇന്ദ്രദേവന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചന്‍ എന്നാണ് സതീഷ് കൗള്‍ അറിയപ്പെട്ടിരുന്നത്.1948 ല്‍ കാശ്മീരിലായിരുന്നു സതീഷ് കൗളിന്റെ ജനനം. ബാല്യകാലത്ത് കുടുംബസമേതം പഞ്ചാബിലേക്ക് താമസം മാറി. 1979 ല്‍ പ്രേം പര്‍ബത് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
മുട്ടിയാര്‍ എന്ന പഞ്ചാബി ചിത്രത്തില്‍ അതേവര്‍ഷം അഭിനയിച്ചു. പഞ്ചാബി സിനിമയില്‍ വില്ലനായും സഹനടനായുമായിരുന്നു തുടക്കം. പിന്നീട് നായക കഥാപാത്രങ്ങളില്‍ തിളങ്ങി. പഞ്ചാബി സിനിമയിലെ ഏറ്റവും വിലയേറിയ താരമായി മാറി. അതോടൊപ്പം ഹിന്ദി സിനിമകളിലും സജീവസാന്നിധ്യമായി.
പ്യാര്‍ തോ ഹോനാ തീ ഥാ (1998) ആയിരുന്നു അവസാന ഹിന്ദി ചിത്രം. അസാദി ദ ഫ്രീഡം (2015) എന്ന പഞ്ചാബി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹമോചിതനാണ് സതീഷ് കൗള്‍. മുന്‍ഭാര്യയും മക്കളും അമേരിക്കയിലാണ്.