തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു

0

ചെന്നൈ: തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.

തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ സിനിമകളിൽ അഭിനയിച്ചു. അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങിയവയാണ് വിവേകിന്റെ ശ്രദ്ധേയമായ ചില സിനിമകൾ.

ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകൻ കെ. ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി.

വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.