ക്യാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ; മാധ്യമങ്ങളെ പരിഹസിച്ചു നടി അമല

0

ഒരു സെലിബ്രിറ്റി മരിച്ചാല്‍ പോലും അവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ എഴുതിപിടിപ്പിക്കുന്നത് ഇക്കാലത്ത് പല മാധ്യമങ്ങളുടെയും സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ആഴ്ച നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചാരണങ്ങളിലൂടെയും ഗോസിപ്പ് കഥകളിലൂടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടിവി ചാനലുകള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ഇതിനു എതിരെ രൂക്ഷ വിമര്‍ശനവുമായി നടി അമല ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നെ മര്യാദയ്ക്ക് പ്രായമാകാന്‍ നിങ്ങള്‍ വിടുമോ എന്നാണ് തുറന്ന കത്തിന്റെ രൂപത്തിലുള്ള കുറിപ്പില്‍ മാധ്യമങ്ങളോട് അമലയുടെ ചോദ്യം. മുഖത്തും ശരീരത്തിലും പ്രായമായതിന്റെ സൂചനകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് തന്നെ പ്രായമാകാമോ എന്നാണ് അമലയുടെ ചോദ്യം.

ശ്രീദേവിയുടെ ശരീര സംരക്ഷണത്തിലേയും സൗന്ദര്യ സംരക്ഷണത്തിലേയും ശ്രദ്ധയില്‍ കേന്ദ്രീകരിച്ചുള്ള മാധ്യമ വിവരണങ്ങളെ പരിഹസിക്കുകയാണ് അമല. ക്യാമറകള്‍ക്ക് ശരീരം മാത്രമേ കാണാനാകൂ, ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാനാകില്ലേ എന്ന് അമല ചോദിക്കുന്നു. സത്രീകളായ അഭിനേതാക്കള്‍ നിരന്തരം നേരിടേണ്ടി വരുന്ന സ്റ്റീരിയോടൈപ്പ് ചോദ്യങ്ങളിലേയ്ക്ക് അമല പോകുന്നുണ്ട്. താരങ്ങളുടെ സ്വകാര്യത മാനിക്കാതെയുള്ള ഈ ചൂഴ്ന്നിറങ്ങിയുള്ള പരിശോധനയെ വിമര്‍ശിക്കുന്നു. അനാവശ്യമായ ചോദ്യങ്ങള്‍ ഒഴിവാക്കി എന്തിലും ഗൗരവമായി സംസാരിക്കാമോ ഞാന്‍ എന്ത് പാചകം ചെയ്യും എങ്ങനെ ചെയ്യും എന്നൊക്കെ നിങ്ങള്‍ അറിഞ്ഞിട്ടെന്തിനാണ്? 19ാം വയസില്‍ പുഷ്പകില്‍ (പുഷ്പകവിമാനം) അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന നീണ്ട മുടിയുമായി എന്റെ ഇപ്പോളത്തെ മുടിയെ താരതമ്യപ്പെടുത്താതിരിക്കാമോ – അമല ചോദിക്കുന്നു.