‘മുഖ്യസൂത്രധാരന്‍ ദിലീപ്’, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം: പ്രോസിക്യൂഷൻ

0

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത്‌ ക്വട്ടേഷന്‍ ആക്രമണമാണെന്നും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തത്ത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.

ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം ദിലീപിന്‍റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. ദീലിപിന്റേയും സഹോദരന്റേയും വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ 19 വസ്തുക്കള്‍ കണ്ടെത്തി. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തിവരുന്നുണ്ട്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ തുടങ്ങിയ ശ്രമമാണെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കി.

ഇന്ന് രാവിലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷൻ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്‍റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളി. നാല് പുതിയ സാക്ഷികളെ ഈ മാസം 22-ന് വിസ്തരിക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.