നടിയെ അക്രമിച്ച കേസ്: മഞ്ജുവിന്റെയടക്കം മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച; വിചാരണക്കോടതിക്കെതിരെ സർക്കാർ

0

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് കോടതിക്ക് വീഴ്ച പറ്റിയിരിക്കുന്നത്. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി. എന്നാൽ ഈ സുപ്രധാന മൊഴി രേഖപ്പെടുത്താൻ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിചാരണക്കോടതി മാറ്റണമെന്ന് സർക്കാരും ആക്രമിക്കപ്പെട്ട നടിയും കോടതിയിൽ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കുകയാണ്.

സുതാര്യമായ വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നല്‍കുന്നതെന്നും നടി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ സത്യവാങ്മൂലമടക്കമുള്ള കാര്യങ്ങളും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും. കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്.