നടിയെ ആക്രമിച്ച കേസ്; സർക്കാരിനെതിരെ തടസ ഹർജിയുമായി ദിലീപ് സുപ്രീംകോടതിയിൽ

0

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ സർക്കാർ ഹർജിയിൽ തടസ്സ ഹർജി നൽകി. കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി മാറ്റാന്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ല എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ്സ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ നിലപാട്.

കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണ പുരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.