ആലുവ: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിന് ഹാജരായി. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയുക. ശാസ്ത്രീയ പരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലാണ് നടക്കുക.