ദിലീപിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത് വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെയാണ് ഒമ്പതര മണിക്കൂർ എടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി വരെ നീണ്ടു.

വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങളുണ്ട്. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിലാണ്.