കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും.
കേസ് റദ്ദാക്കിയില്ലെങ്കിൽ സി ബി ഐക്ക് വിടണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അനൂപിനെയും സുരാജിനെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു.
കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ഈ മാസം പതിനഞ്ച് വരെയായിരുന്നു കോടതി സമയം അനുവദിച്ചത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും കൂടുതൽ സമയം ആവശ്യമാണെന്നാണ് സർക്കാരിന്റെ വാദം.