കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.
നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ വിചാരണക്കോടതി അനുവദിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു.
നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്.