മുംബൈയിൽ കോവിഡ് രൂക്ഷമായ ഘട്ടത്തിൽ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായമണിഞ്ഞ ബോളിവുഡ് താരം ശിഖ മൽഹോത്ര ഇപ്പോൾ പക്ഷാഘാതത്തിനു ചികിത്സയിൽ. മുംബെെയിലെ കൂപ്പർ ആശുപത്രിയില്‍ നടി ചികിത്സ തേടിയിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഓക്ടോബറിൽ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കൊവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു.
സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും താരം വേഷമിട്ടു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.
കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. കൊറോണയുടെ ഭീഷണിക്ക് തുല്യമാണ് കോവിഡാനന്തര രോഗങ്ങളുടെ ഭീഷണിയും.