അദാനിക്ക് വിടുവേല ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

0

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനി അദാനിയുടെ ദാസ്യവേല ചെയ്യേണ്ട സ്ഥാപനമായി മാറുകയാണ്. ഒരു കാർഷിക രാജ്യമായ ഇന്ത്യയിലെ കാർഷിക മേഖല മുഴുവൻ അദാനിക്ക് കൈയ്യടക്കി ഭരിക്കാൻ അവസരമുണ്ടാക്കാനായായിരുന്നു മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി മൂന്ന് കാർഷിക നിയമങ്ങൾ ഇന്ത്യൻ പാർലമെൻ്റിൽ ഒരു ചർച്ചയും കൂടാതെ തന്നിഷ്ടപ്രകാരം പാസ്സാക്കിയെടുത്തിരുന്നത്.

ഈ നിയമങ്ങളിലെ അപായ സാദ്ധ്യത തിരിച്ചറിഞ്ഞ കർഷക സമുഹം ഉണർന്നെഴുന്നേൽക്കുകയും സമര രംഗത്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സംഭവിക്കാനിരിക്കുന്ന വലിയ പരാജയം ഭയന്ന് ഒടുവിൽ കർഷകരുടെ സമരവീര്യത്തിന് മുന്നിൽ മോദിക്ക് മുട്ട് മടക്കേണ്ടി വന്നു. മൂന്ന് നിയമങ്ങളും പിൻവലിക്കേണ്ടി വന്നു’ അദാനിയുടെ കാർഷിക മേഖലയിലെ സ്വപ്നങ്ങൾ അസ്ഥാനത്താകുകയായിരുന്നു. എന്നാൽ വീണ്ടും പിൻ വാതിലിലൂടെ ഇന്ത്യൻ കാർഷിക വിഭവങ്ങൾ നിയന്ത്രിക്കാനുള്ള അവസരം ഒരുക്കാൻ വേണ്ടിയാണ് സ്റ്റേറ്റ് ബാങ്കിനെ ഉപകരണമാക്കി മാറ്റിത്തീർക്കുന്നത്.’

അദാനി ഗ്രൂപ്പിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ അദാനി കാപ്പിറ്റലിനാണ് ഈ സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. സ്റ്റേറ്റ് ബാങ്കിൻ്റെ മറയിൽ കാർഷിക മേഖലയിലെ വായ്പയുടെ കടിഞ്ഞാൺ അദാനിയുടെ കൈകളിൽ എത്തുകയായിരിക്കും ഇതിൻ്റെ ഫലം. ഇന്ത്യൻ കർഷകരെ അദാനിക്ക് തീറെഴുതാൻ പാസ്സാക്കിയ നിയമം പിൻവലിക്കേണ്ടി വന്നെങ്കിലും അദാനിയുടെ നുകം ഇന്ത്യൻ കർഷകരുടെ കഴുത്തിൽ വെക്കാനുള്ള ശ്രമത്തിൽ തന്നെയാണ് കേന്ദ്ര സർക്കാർ.