താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു: അഷ്‌റഫ് ഗനിയുടെ രാജി ഉടന്‍

0

കാബൂള്‍: അഫ്‍ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും.

യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ മുന്നറിയിപ്പ് നൽകി. പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്.

കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.