ഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായി. ഈ വർഷം ഇത് രണ്ടാം തവണയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കൂടാതെ ശൈത്യവും അതികഠിനമായി തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം ഞായറാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 471 രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സി.പി.സി.ബി നിർദേശിക്കുന്നു.
എ.ക്യു.ഐ 50 മുതൽ 100 വരെ രേഖപ്പെടുത്തുന്നതാണ് സാധാരണ നിലയിൽ മനുഷ്യ ജീവിതത്തിന് ഉപകരിക്കുന്നത്. ഇത് 450 കടന്നതോടെയാണ് അതീവ രൂക്ഷമായ ഘട്ടമെന്ന് വിലയിരുത്തി മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ തീ ഇട്ടതിന്റെയും ദീപാവലി ആഘോഷങ്ങളിൽ പടക്കം വ്യാപകമായി പൊട്ടിച്ചതും മൂലം നവംബർ എട്ടിന് (ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ) എക്യുഐ 571 രേഖപ്പെടുത്തിയിരുന്നു. അതേസമയം, കാലാവസ്ഥയിലുള്ള വ്യതിയാനവും, അതിശൈത്യവും കാറ്റടിക്കുന്നത് കുറഞ്ഞത് മൂലവുമാണ് ഇത്തവണ പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
നിലവിലുള്ള അവസ്ഥയിൽ മലിനീകരണത്തിന്റെ തോത് വരും ദിവസങ്ങളിലും ഇതേ രീതിയിലായിരിക്കുമെന്നും തണുപ്പ് ഇനിയും കൂടിയാൽ മലിനീകരണ തോത് അതീവ ഗുരുതരമായ അവസ്ഥയിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.