ഓർമ്മത്തകരാർ ഉണ്ടോ? ചില തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട സമയമായി

0

പ്രായമേറുമ്പോൾ ഓർമ്മക്കുറവ് സംഭവിക്കുന്നത് തലച്ചോറിൽ സിങ്കിന്റെ അളവ് കൂടുന്നതു കൊണ്ടാണെന്ന് സിങ്കപ്പൂരിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഈ ഓർമ്മകൾ വീണ്ടെടുക്കാൻ ടിപെൻ എന്ന മരുന്നിന് കഴിയുമെന്നും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിലെ (എൻ യു എസ്) ഈ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
കാബേജ്, കുമിൾ എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ധാതുവസ്തുവാണ് സിങ്ക്. അത് ശരീരത്തിന്റെ പ്രവർത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും ഗന്ധം തിരിച്ചറിയാനുള്ള കഴിവിനുമെല്ലാം അത്യന്താപേക്ഷിതവുമാണ്.
ഒരു വ്യക്തിക്ക് പ്രായമേറുന്തോറും രക്തത്തിൽ സിങ്കിന്റെ അളവുകൾ കുറയുമെന്നാണ് മുൻ പഠനങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ എൻ യു എസ് യോങ് ലൂ ലിൻ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ അവകാശപ്പെടുന്നത് അവർ മൃഗങ്ങളിൽ നടത്തിയ പഠനം പ്രായമേറുമ്പോൾ വ്യക്തികളുടെ തലച്ചോറിൽ സിങ്കിന്റെ അളവ് നിർണായകമാംവിധം വർധിക്കുമെന്നാണ്. തലച്ചോറിലെ സിങ്കിന്റെ അളവും രക്തത്തിന്റെ സിങ്കിന്റെ അളവും തമ്മിൽ ബന്ധമില്ലെന്നും ഇവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നുണ്ട്.
സയന്റിഫിക് ജേണൽ ആയ ‘ഏജിങ് സെല്ലി’ൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തലച്ചോറിലെ ‘സന്ദേശവാഹകരായ” കോശങ്ങൾക്ക് തകരാർ സംഭവിക്കുമ്പോഴാണ് തലച്ചോറിൽ സിങ്കിന്റെ അളവ് വർധിക്കുന്നതെന്നും ഈ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
“തലച്ചോറിൽ സിങ്കിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാതെ കാക്കുന്നത് ഈ സന്ദേശവാഹകരാണ്,” ഈ പഠനത്തിന് നേതൃത്വം നൽകിയ സജികുമാർ ശ്രീധരൻ പറയുന്നു, “എന്നാൽ പ്രായമേറുന്തോറും ഇവയ്ക്ക് പ്രവർത്തനക്ഷതം സംഭവിക്കും.”
തലച്ചോറിൽ സിങ്കിന്റെ അളവ് ഉയരുന്നത് പഴയ ഓർമ്മകൾ വീണ്ടെടുക്കുന്ന ശേഷിയെ ബാധിക്കുമെന്ന് എലികളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി.
ടിപെൻ എന്ന മരുന്ന് എലികൾക്ക് നൽകിയപ്പോൾ അവയുടെ ദീർഘകാല ഓർമ്മകൾ വീണ്ടെടുക്കാൻ കഴിഞ്ഞെന്നും ഈ പഠനങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ മാത്രമാണ് ഈ മരുന്ന് ഇപ്പോൾ ഉപയോഗിക്കുന്നത്. സിങ്കിന്റെ പങ്കും അത് എങ്ങനെയാണ് ന്യൂട്രോണുകൾ റിലീസ് ചെയ്യുന്നുവെന്നതും പഠന വിധേയമാക്കാനായിരുന്നു ഈ മരുന്ന് ഉപയോഗിച്ചു വന്നിരുന്നത്.
ഉയർന്ന അളവിൽ സിങ്ക് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രായമേറുമ്പോൾ ഓർമ്മത്തകരാറുകൾക്ക് വഴിയൊരുക്കാമെന്ന് മൃഗങ്ങളിൽ നടത്തിയ മുൻ പഠനങ്ങൾ കാട്ടിയിരുന്നു. “പ്രായമേറുമ്പോൾ വ്യക്തികൾക്ക് സിങ്ക് സപ്ലിമെന്റുകൾ ശുപാർശ ചെയ്യുന്നത് വളരെ സാധാരണമാണ്,” ഈയിടെ എൻ യു എസിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മഹേഷ് ശിവരാമ ഷെട്ടി പറയുന്നു, “ഈ സിങ്ക് സപ്ലിമെന്റുകളുടെ ഉപയോഗം യഥാർത്ഥത്തിൽ സഹായകമാണോ എന്ന് ഒരു പുനർവിചിന്തനം നടത്തേണ്ട സമയമായി എന്നാണ് ഞങ്ങളുടെ പഠനം ചൂണ്ടിക്കാട്ടുന്നത്.”
അടുത്ത ഘട്ടമായി തലച്ചോറിലെ സന്ദേശവാഹക കോശങ്ങളുടെ പ്രവർത്തനത്തകരാറുകളെക്കുറിച്ചും മരിച്ച വ്യക്തികളുടെ തലച്ചോറിലെ സിങ്കിന്റെ അളവിനെക്കുറിച്ചും പഠിക്കാനൊരുങ്ങുകയാണ് ഈ ടീം.