പഞ്ഞിമിട്ടായി ആകാശവും റൈഡുകളും; അഹാന-നിമിഷിന്റെ കാർണിവൽ വൈറൽ
വിവാഹാഘോഷങ്ങൾ കഴിഞ്ഞിട്ടും അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിവാഹത്തിനും സംഗീതിനും പിന്നാലെ ശ്രദ്ധ നേടുന്നത് ഇരുവരും ഒരുക്കിയ പ്രീ വെഡ്ഡിങ് ആഘോഷമായ ‘അമ്മു-നിമു കാർണിവലിന്റെ’ ചിത്രങ്ങളാണ്.
അതിഥികൾക്കായി വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ആഘോഷത്തിൽ റൈഡുകളും ഫൺ ഗെയിമുകളും ഉൾപ്പെടെ നിരവധി വിനോദങ്ങളുണ്ടായിരുന്നു. കാർണിവലിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബേബി ബ്ലൂ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അഹാനയും നിമിഷും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
“കല്യാണത്തിനും സംഗീതിനും മുമ്പ് ഞങ്ങളുടെ സ്വന്തം ‘അമ്മു-നിമു കാർണിവൽ’ ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും നിറഞ്ഞ, പഞ്ഞിമിട്ടായി ആകാശമുള്ള എന്റെ സ്വന്തം ലാലാ ലാൻഡ്. എന്റെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന്,” എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.
വ്യത്യസ്തമായ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അഹാനയുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്. വിവാഹാഘോഷങ്ങൾക്ക് പിന്നാലെ ഇനിയും എന്തെല്ലാം സർപ്രൈസുകളാണ് ഇരുവരും ഒരുക്കിയിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ.