കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു

0

കൊച്ചി :  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി -സിംഗപ്പൂര്‍ പുതിയ  സര്‍വീസിന്‍റെ ബുക്കിംഗ് ആരംഭിച്ചു.മാര്‍ച്ച്‌ 27 മുതലാണ്‌ പുതിയ സര്‍വീസ് തുടങ്ങുന്നത്.കൊച്ചിയില്‍ നിന്ന് രാവിലെ 11.10-ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 8.10-ന് സിംഗപ്പൂരില്‍ എത്തിച്ചേരും.തിരിച്ച്  സിംഗപ്പൂരില്‍ നിന്ന് വൈകിട്ട് 9.150-ന്  പുറപ്പെടുന്ന വിമാനം രാത്രി 1 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും.സിംഗപ്പൂര്‍ -കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിനു 15,000 രൂപ മാത്രം നല്‍കിയാല്‍ മതി . കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് മധുര വഴിയാണ് സിംഗപ്പൂരില്‍ എത്തിച്ചേരുന്നത്.നേരത്തെ കോയമ്പത്തൂര്‍ വഴി സര്‍വീസ് തുടങ്ങുവാന്‍ ആലോചിച്ചെങ്കിലും പിന്നീട് മധുര വഴിയുള്ള സര്‍വീസിന്‍റെ സാധ്യത കണക്കിലെടുത്ത് ഇപ്രകാരമുള്ള സമയക്രമം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് തെക്ക്കിഴക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന പരാതികള്‍ക്ക് ഒരുപരിധി വരെ ആശ്വാസകരമാകുന്ന വാര്‍ത്തയാണ് ലഭ്യമാകുന്നത്.വിദേശ വിമാന കമ്പനികളുടെ സിംഗപ്പൂര്‍ -കേരളം മേഖലയിലെ 20 വര്‍ഷമായി തുടരുന്ന കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കടന്നുവരവ്. തുടക്കത്തില്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് മധുര  വഴിയായിരിക്കും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുക.എന്നാല്‍ യാത്രക്കാര്‍ക്ക് മധുരയില്‍   വിമാനത്തില്‍ നിന്നിറങ്ങേണ്ടി വരില്ലായെന്നാണ് ലഭിക്കുന്ന വിവരം.കൊച്ചിയില്‍ നിന്ന് ആളുകളെ കയറ്റി മധുരയിലെത്തുന്ന വിമാനം ഒരു മണിക്കൂറിനുള്ളില്‍ സിംഗപ്പൂരിലേക്ക്ഉ പറക്കും .കൊച്ചിയില്‍ നിന്ന് മധുര പോകുന്നവര്‍ക്കും ഈ സര്‍വീസ്  ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ഗള്‍ഫിലേക്ക് ഇത്തരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.കൊച്ചിയില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പിന്നെ ഇടയ്ക്ക് കയറിയിറങ്ങി വീണ്ടും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസ്ഥ ഇത്തരം സര്‍വീസിനു ആവശ്യമില്ല.കൂടാതെ ബാഗേജ് കൊച്ചിയില്‍ നിന്നുതന്നെ സിംഗപ്പൂരിലേക്ക്  ചെക്കിന്‍ ചെയ്യുവാനും സാധിക്കും.

20കി.ഗ്രാം ബാഗേജ് സൌജന്യമായി എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നുണ്ട്.കൂടാതെ സൌജന്യമായി സ്നാക്സും നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സൈറ്റില്‍ പറയുന്നുണ്ട്.കുറഞ്ഞ നിരക്കില്‍ മറ്റ് ഭക്ഷണസാധനങ്ങളും വാങ്ങാവുന്നതാണ്.

കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ധാരാളം യാത്രക്കാര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്താനാണ് എയര്‍ലൈന്‍സ്‌ തീരുമാനിച്ചിരിക്കുന്നത്.അതുകൊണ്ട് ആദ്യമേ മധുര  വഴി സര്‍വീസ് തുടങ്ങുന്നതുവഴി രണ്ട് സംസ്ഥാനത്ത് നിന്നുമുള്ള ആളുകളെ ലഭിക്കുകയും ,സര്‍വീസ് നഷ്ട്ടം കൂടാതെ മുന്നോട്ടുപോകുകയും ചെയ്യും.കൊച്ചിയില്‍ നിന്നുള്ള യാത്രക്കാരെ വിശ്വാസത്തില്‍ എടുത്തശേഷം നേരിട്ടുള്ള സര്‍വീസ് തുടങ്ങാനാണ് നീക്കം.എന്നാല്‍ സില്‍ക്ക് എയര്‍ ,സ്കൂട്ട് എന്നീ വിമാനകമ്പനികള്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്നത് ഈ സെക്ടറില്‍  കടുത്ത മത്സരത്തിനുള്ള സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.

കൊച്ചിയില്‍ നിന്ന് പകല്‍ സമയം സിംഗപ്പൂരിലേക്ക് വേറെ സര്‍വീസുകള്‍ ഇല്ലാത്തത് എയര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.കൂടാതെ ബജറ്റ് എയര്‍ലൈനായ സ്കൂട്ട് ഞായര്‍ ,തിങ്കള്‍ ,ബുധന്‍ ,വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.അതുകൊണ്ട് നേരിട്ടുള്ള മത്സരത്തിനുള്ള സാധ്യത കുറയുകയും യാത്രക്കാര്‍ക്ക് എല്ലാ ദിവസവും ചുരുങ്ങിയ നിരക്കില്‍ സര്‍വീസുകള്‍ ലഭ്യമാകുകയും ചെയ്യും.എന്നാല്‍ ഓസ്ട്രേലിയ ,ചൈന തുടങ്ങിയ ട്രാന്‍സിറ്റ് സൗകര്യം ഉപയോഗിക്കുന്നവര്‍ സില്‍ക്ക് എയര്‍ ,സ്കൂട്ട് എന്നീ സര്‍വീസുകളെ തുടര്‍ന്നും ആശ്രയിക്കാനാണ് സാധ്യത.എയര്‍ ഇന്ത്യയ്ക്ക് സിംഗപ്പൂരില്‍ നിന്ന് മറ്റു കണക്ഷനുകള്‍ നല്‍കാനുള്ള അവസരം താരതമ്യേനെ കുറവാണ്.